Tuesday, July 26, 2016

പൂവാംകുരുന്നില - Poovamkurunnila


മഴക്കാലത്തും മഴ കഴിഞ്ഞ സീസണിലും, പറമ്പിലും പാടവരമ്പുകളിലും പാതയോരങ്ങളിലും നാണം കുണുങ്ങി നില്‍ക്കുന്ന സുന്ദരിയായ പൂവാംകുരുന്നില കാണാത്തവരുണ്ടാകില്ല. പക്ഷേ ഇത് വളരെയധികം ഔഷധഗുണം നിറഞ്ഞ, പ്രകൃതിയുടെ വരദാനമായ ഒന്നാണെന്ന അറിവ് നമ്മില്‍ പലര്‍ക്കും പുതുമയാകും. ഓണപ്പാട്ടുകളിലും കവിതകളിലും നിറഞ്ഞുനില്‍ക്കുന്ന ഈ ചെടി മലയാളിക്ക് എന്നും ഗൃഹാതുരത്വം നല്‍കുന്ന ഒന്നാണ്. പുഷ്യരാഗക്കമ്മലണിഞ്ഞു പൂവാംകുരുന്നില.. എന്ന, ശ്രീ യൂസഫിലി കേച്ചേരിയുടെ പ്രസിദ്ധമായ ഓണപ്പാട്ടിന്റെ വരികളില്‍നിന്നും വ്യക്തമാവും കേരളനാടും ഈ ചെടിയും തമ്മിലുള്ള ആത്മബന്ധം. കാന്‍സര്‍ പോലുള്ള മഹാമാരികളില്‍നിന്നുവരെ നമ്മെ സംരക്ഷിക്കാന്‍ കഴിവുള്ള ഘടകങ്ങളടങ്ങിയതാണ് ഈ കുഞ്ഞു ചെടി എന്നറിയുമ്പോള്‍ നമ്മളില്‍ പലര്‍ക്കും അത്ഭുതം തോന്നും. പക്ഷേ വാസ്തവമാണിത്.
സൂര്യകാന്തി കുടുംബത്തിലെ (Asteraceae) അംഗമായ പൂവാംകുരുന്നിലയുടെ ശാസ്ത്രീയനാമം Vernonia cinerea എന്നാണ്. സംസ്കൃതത്തില്‍ പേര് സഹദേവി  എന്നാണ്. പേരുപോലെ ഔഷധസസ്യങ്ങളിൽ ദേവീസഹവാസമുള്ള ഒരു ചെടിയാണിത്. പ്രസിദ്ധമായ ദശപുഷ്പങ്ങളിലെ പ്രധാന അംഗമാണ് ഈ സുന്ദരിച്ചെടി. ബ്രഹ്മദേവസാന്നിദ്ധ്യവും സരസ്വതിദേവീകടാക്ഷവുമുള്ള  ഈ ചെടി നിത്യവും ചൂടിയാല്‍ ദാരിദ്ര്യദുഃഖം അകലുമെന്നാണ് വിശ്വാസം. ഏകവര്‍ഷി മൃദുകാണ്ഡ സസ്യമാണിത്. കാണ്ഡങ്ങള്‍ രോമിലമാണ്. ഇല ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. പൂക്കള്‍ ഇളം വയലറ്റുനിറത്തിലുള്ളതും ചെറുതും മനോഹരങ്ങളുമാണ്, കുത്തനെയുള്ള പുഷ്പവൃന്തത്തില്‍ വിന്യസിച്ചിരിക്കുന്നു. ചെറിയ അപ്പൂപ്പന്‍താടിവഴി കാറ്റത്തു വിത്തുവിതരണം നടത്തപ്പെടുന്നു. ചെടി മഴക്കാലത്തു കൊരുത്തു വേനലില്‍ നശിക്കുന്നു.
ഔഷധപ്രയോഗങ്ങള്‍ -
1. കുട്ടികള്‍ക്കുണ്ടാവുന്ന ടോണ്‍സിലൈറ്റിസില്‍ ഇത് സിദ്ധൌഷധമാണ്. ഇതിന്റെ നീര് സ്വല്‍പം ഇന്തുപ്പു ചേര്‍ത്തു തൊണ്ടയില്‍ അകത്തും പുറത്തും പുരട്ടുക, കുറച്ചു നീര് നിറുകിലും തിരുമ്മുക
2. 10 മി.ലി. പൂവാംകുരുന്നില നീര് 21 ദിവസം വെറും വയറ്റില്‍ കഴിച്ചാല്‍ മൈഗ്രേന്‍ തലവേദന മാറും.
3. പൂവാംകുരുന്നില സമൂലം ഇടിച്ചുപിഴിഞ്ഞ് പഞ്ചസാര ചേര്‍ത്തു സിറപ്പുണ്ടാക്കി വയ്ക്കുക, ജലദോഷം കഫം ചുമ ഇവയക്ക് വളരെ നന്ന്. കഫ് സിറപ്പിനേക്കാള്‍ ഫലം ചെയ്യും.
4. പൂവാംകുരുന്നില സമൂലം ഇടിച്ചു പിഴിഞ്ഞ് എണ്ണകാച്ചി തേച്ചാലും ടോണ്‍സിലൈറ്റിസ്, ഇടക്കിടെയുണ്ടാകുന്ന പനി ഇവ മാറും. മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്
5. ക്യാന്‍സര്‍ രോഗികള്‍ ഇംഗ്ലീഷ് ചികിത്സയുടെ കൂടെ പൂവാംകുരുന്നില നീരും സേവിക്കുക. രോഗം പെട്ടന്നു മാറും.
6. പൂവാംകുരുന്നില നീര്‍ കണ്ണിലുറ്റിച്ചാല്‍ കണ്ണിലുണ്ടാകുന്ന ചുവപ്പ്, പീളകെട്ടല്‍ മുതലായവ മാറുന്നു.
7. പൂവാംകുരുന്നില സമൂലം അരച്ച് കരിക്കിന്‍ വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ മൂത്രതടസ്സം മാറിക്കിട്ടും.
8. അലര്‍ജി മൂലമുള്ള ത്വഗ്രോഗങ്ങള്‍ക്ക് ഇത് നല്ലൊരു പ്രതിവിധിയാണ്.

No comments:

Post a Comment