ഇരുവേലി - മൂത്രാശയരോഗങ്ങളിലെ സിദ്ധൌഷധം
പനിക്കൂര്‍ക്ക
കാണാത്തവരായി മലയാളികള്‍ ആരുമുണ്ടാവില്ല കണ്ടാല്‍ പനിക്കൂര്‍ക്കിലപോലുള്ള,
മൂത്രാശയരോഗങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയായ ഒരു ചെടിയുണ്ട്, ഇരുവേലി..
ഒറ്റ നോട്ടത്തില്‍ ഇതിനെ പനിക്കൂര്‍ക്കച്ചെടിയില്‍നിന്നും
വേര്‍തിരിച്ചറിയുക കുറച്ചു പ്രയാസമാണ്. പക്ഷേ ചില ചില്ലറ വ്യത്യാസങ്ങള്‍
കാണാം. പനിക്കുര്‍ക്കില കട്ടിയുള്ളതും മാംസളവുമാണ് പക്ഷേ ഇരുവേലി ഇല
നനുത്തതും താരതമ്യേന ജലാംശം കുറഞ്ഞതുമാണ്. ഗന്ധത്തിലും ഇവ തമ്മില്‍
പ്രകടമായ വ്യത്യാസമുണ്ട്.
ഒരേ
കുടുംബക്കാരാണെങ്കിലും സ്വഭാവത്തില്‍ വിരുദ്ധന്‍മാരാണ് ഇവര്‍. രണ്ടു
ചെടികളെയും അടുപ്പിച്ചടുപ്പിച്ച് നടരുതെന്നാണ് പഴമക്കാര്‍ പറയുന്നത്.
ഉണങ്ങിപ്പോകുമത്രേ.. ഒന്നു പരീക്ഷിച്ചു കളയാമെന്ന് കരുതി ഞാനും. ഇവകളെ
അടുപ്പിച്ചു നട്ടു. ആശ്ചര്യകരമെന്നു പറയട്ടെ രണ്ടും നന്നായില്ല. വളര്‍ച്ച
മുരടിച്ചു ക്രമേണ നശിച്ചുപോയി!!! ശേഷം ഇത്തിരി അകറ്റി മുറ്റത്തിന്റെ
അഗ്രങ്ങളില്‍ ഇവരെ പ്രതിഷ്ഠിച്ചു.. ഇപ്പോഴും ആര്‍ത്തു വളരുന്നു. പഴമയെ
പഴഞ്ചനെന്നു കരുതി തള്ളിപ്പറയരുതേ.
പനിക്കൂര്‍ക്കയെക്കുറിച്ച്
കുറച്ചുനാള്‍ മുന്‍പു വിശദമായി പറഞ്ഞുവല്ലോ (കാണാത്തവര്‍ ഈ പേജിന്റെ
ആദ്യഭാഗത്തേക്കു സ്ക്രോള്‍ ചെയ്യുക). ഇരുവേലിയേക്കുറിച്ചാകാം ഇന്നത്തെ
കുറിപ്പ്. തുളസീ കുലമായ Laminaceae ലെ അംഗമാണ് ഇരുവേലി. ശാസ്ത്രീയനാമം
Plectranthus vettiverioides. (ചിത്രം ശ്രദ്ധിക്കുക.) സംസ്കൃതത്തില്‍
ഹ്രീബേരം, വാളകം എന്നും അറിയപ്പെടുന്നു. ബഹുവര്‍ഷി മൃദുകാണ്ഡ സസ്യമാണിത്.
ഇവയുടെ ഇലകൾക്ക് ഹൃദയാകൃതിയാണുള്ളത്. പ്രഭയുള്ള പച്ചനിറത്തിലുള്ള പരുക്കന്‍
ലഘുപത്രങ്ങള്‍ സന്മുഖമായി വിന്യസിച്ചിരിക്കുന്നു. ചെടി മുഴുവന്‍ ഒട്ടുന്ന
മൃദുരോമങ്ങളാല്‍ ആവൃതമാക്കപ്പെട്ടിരിക്കുന്നു. അപൂര്‍വമായി പൂക്കുന്നു.
പ്രധാനമായും തണ്ടു മുറിച്ചു നട്ടാണ് പ്രത്യുല്‍പാദനം.
ഹൈന്ദവപൂജകളില്‍
ഉപയോഗിക്കുന്ന അഷ്ടഗന്ധത്തിലെ പ്രധാന ദ്രവ്യമാണ് ഇരുവേലി. (അഷ്ടഗന്ധം -
അകില്‍, കുന്തിരിക്കം മാഞ്ചി, ഗുഗ്ഗുലു, ചന്ദനം, രാമച്ചം, ഇരുവേലി, കൊട്ടം.
ഇവയെല്ലാം ഔഷധദ്രവ്യങ്ങളുമായിരുന്നു. വീടുകളില്‍ അഷ്ടഗന്ധം
പുകയ്ക്കുന്നത് മംഗളകരവും, രോഗനാശകവുമാണ്.)
ഔഷധപ്രയോഗങ്ങള്‍ -
1. ഇരുവേലിയുടെ
2 ഇലയിട്ടു തിളപ്പിച്ച വെള്ളം കുടിവെള്ളമായി ഉപയോഗിച്ചാല്‍ മൂത്രക്കല്ല്,
മുത്രക്കടച്ചില്‍ മുതലായ മൂത്രാശയരോഗങ്ങള്‍ പമ്പകടക്കും.
2. ഇരുവേലിയില വെള്ളം നല്ലൊരു ദാഹശമിനിയാണ്.
3. ശരീരത്തിലുണ്ടാവുന്ന ചുട്ടുനീറ്റല്‍ പനി എന്നിവക്ക് ഇരുവേലി ഉത്തമമാണ്.
4. ഇലയിട്ടു വെന്ത വെള്ളം സ്ഥിരമായി കുടിക്കുന്നത് ഹൃദ്രോഗം (Block) മാറുവാന്‍ നന്ന്.
5. പനിക്കുള്ള ഏറ്റവും വിശിഷ്ടമായ ഷടംഗം കഷായത്തിലെ ഒരു പ്രധാന ചേരുവയാണ് ഇരുവേലി.
6. ഇരുവേലി സമൂലം കഷായം അതിസാരത്തിനു (വയറിളക്കം) നന്ന്.
7. ഇലയും ഇളം തണ്ടും അരച്ചു ഉപ്പു ചേര്‍ത്തു നീരിന് ഇടുക, വേഗം സുഖമാകും.
8. ഇരുവേലികഷായത്തില്‍ കല്‍കണ്ടം ചേര്‍ത്തുകഴിച്ചാലും മൂത്രംകടച്ചില്‍ മാറും.
9. ആന്തരാവയവങ്ങളില്‍ ഉണ്ടാകുന്ന നീരുകള്‍ക്കും രക്തം പോകുന്ന അര്‍ശസ്സിനും ഇരുവേലി കഷായം തേന്‍ ചേര്‍ത്തുകഴിക്കുക.
10. ദഹനക്കേടിനു ഇരുവേലിനീര്‍ ഇഞ്ചിനീര്‍ ചേര്‍ത്തുകഴിക്കുക.
11. വാതരോഗങ്ങളുടെ കടുപ്പം കുറയാന്‍ ഇരുവേലി, ചുക്ക് ഇവയിട്ടു തിളപ്പിച്ച വെള്ളം സ്ഥിരമായി ഉപയോഗിക്കുക.
No comments:
Post a Comment