മുക്കുറ്റി - Mukkutty
ദശപുഷ്പങ്ങളില്‍
ഒന്നായ മുക്കുറ്റിയെക്കുറിച്ചാവാം ഇന്നത്തെ ചര്‍ച്ച.കവികളും വൈദ്യന്മാരും
നെഞ്ചിലേറ്റി താലോലിക്കുന്ന നമ്മുടെ സ്വന്തം ഔഷധിയാണ് മുക്കുറ്റി.
തെങ്ങിന്റെ രൂപത്തിലിരിക്കുന്നതിനാല് നിലം തെങ്ങ് എന്നും ഇത്
അറിയപ്പെടുന്നു.. പാര്‍വ്വതീ ദേവിയുടെ പ്രിയ സസ്യമായാണ് ഇത്
അറിയപ്പെടുന്നത്. സ്ത്രീകള്‍ കുളിച്ച് മുക്കുറ്റിപ്പൂ തലയില്‍ ചൂടി ദേവിയെ
ഭജിച്ചാല്‍ സത് ഭര്‍തൃ പുത്രാദി യോഗം ലഭിക്കുന്നു എന്നാണ് വിശ്വാസം. കൂടാതെ
അത്തപ്പൂക്കളത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത പുഷ്പവും കൂടിയാണിത്.
അടുത്തകാലത്ത്
ഒരു ഒറ്റമൂലി പ്രയോഗത്തിന് പറമ്പിലിറങ്ങി മുക്കുറ്റി പരതിയപ്പോഴാണ് ഈ ചെടി
നമ്മില്‍നിന്നും എത്ര അകന്നത് എന്ന് മനസ്സിലായത്. ഒരുകാലത്ത് കാടുപോലെ
വളര്‍ന്നിരുന്ന ഈ ചെടി മരുന്നിനു പോലം കിട്ടാനില്ലാത്ത അവസ്ഥയാണിന്ന്. വളരെ
സങ്കടകരമായ അവസ്ഥ..
ഇനി
ചെടിയെക്കുറിച്ചു കുറച്ചു പറയാം. ചെടി കണ്ടിട്ടില്ലാത്തവര്‍ ഇതോടോപ്പം
കൊടുത്തിരിക്കന്ന ചിത്രം നോക്കി മനസ്സിരുത്തുക. Oxalidaceae എന്ന സസ്യ
കുടുംബത്തില്‍പെട്ട ഈ ചെടിയുടെ ശാസ്ത്രീയനാമം Biophytum sensitivum
എന്നാണ്. ഭാരതം മുഴുവനും ഈ ചെടിയുടെ പലയിനങ്ങള്‍ കാണം സ്ഥലം
മാറുന്നതിനനുസരിച്ച് ആകൃതിയിലും പൂക്കളുടെ നിറത്തിനും വ്യതിയാനം
കണ്ടേക്കാം. കേരളത്തില്‍ സാധാരണ മഞ്ഞപ്പുക്കളുള്ള ഇനമാണ് കണ്ടുവരുന്നത്.
തെങ്ങിന്റെ വളരെ ചെറിയ പതിപ്പ് പോലെ തോന്നിക്കുന്ന ഈ സസ്യം ജലം
കെട്ടിനിൽക്കാത്ത തണൽപ്രദേശങ്ങളിൽ വളരുന്നു. ഒരു കൊല്ലമാണ് മുക്കുറ്റിയുടെ
ആയുസ്സ്. 8 മുതൽ 15 സെ.മീ. വരെ സാധാരണ ഉയരമുള്ള മുക്കുറ്റിയുടെ കാണ്ഡം
വൃത്തസ്തംഭമാണ്. കാണ്ഡത്തിന്റെ അഗ്രഭാഗത്തുനിന്നും നാനാഭാഗത്തേക്കും
ഇലത്താങ്ങുകൾ ഭൂമിക്ക് സമാന്തരമായി വിരിഞ്ഞു നിൽക്കുന്നു. സംയുക്ത
പത്രങ്ങളാണ് മുക്കുറ്റിക്കുള്ളത്. ഇലകളുടെ മുകൾ ഭാഗം കടും പച്ചയും അടിഭാഗം
വിളറിയ പച്ചനിറവുമാണ്. നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് സാധാരണയായി
മുക്കുറ്റികള്‍ കാണുക. ചിങ്ങമാസത്തിലാണ് ഈ ചെടി സാധാരണയായി പൂക്കുന്നത്.
ചിങ്ങത്തിന് ചന്തം ചാര്‍ത്താനെന്ന പോലെ..
കാണ്ഡത്തിന്റെ മുകളറ്റത്തേക്കാണ് മഞ്ഞപ്പൂക്കൾ വഹിക്കുന്ന
പൂന്തണ്ടുകൾ പത്ത് സെ.മീ വരെ നീളത്തിൽ പൊങ്ങി നില്ക്കുക. അഞ്ചിതളുള്ള
പൂക്കൾക്ക് പത്ത് കേസരങ്ങളും അഞ്ചറയുള്ള അണ്ഡാശയവും ഉണ്ടാകും. വിത്തുകൾ
മണ്ണിൽ വീണ് തൊട്ടടുത്ത മഴക്കാലത്ത് മുളക്കുന്നു.
തൊട്ടാവാടിയുടെ അത്ര വേഗത്തിലില്ലങ്കിലും തൊടുമ്പോൾ ഇലകൾ
വാടുന്ന സ്വഭാവം മുക്കുറ്റിക്കുമുണ്ട്. അതിനാല്‍തന്നെ സംസ്കൃതത്തില്‍ ഇതിന്
ലജ്ജാലു എന്നും പേരുണ്ട്. രാത്രിയിൽ ഇവയുടെ ഇലകൾ കൂമ്പിയിരിക്കും.
നമ്മുടെ മുന്‍തലമുറയ്ക്ക്, തെങ്ങ് കല്പ്പവൃക്ഷമാണെങ്കില്
മുക്കുറ്റി സര്വ്വരോഗത്തിനുമുള്ള ഔഷധം കൂടിയായിരുന്നു. വേരിലും ഇലയിലും
പ്രത്യേകമായ ആല്‍ക്കലോയിഡുകള്‍ അടങ്ങിയിരിക്കുന്നു എന്നാണ് ശാസ്ത്രലോകം
ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ഔഷധപ്രയോഗങ്ങള്‍-
1. കടന്നല്, പഴുതാര മുതലായ വിഷജീവികള്‍ കടിച്ചാല്‍ മുക്കുറ്റി ഉപ്പു ചേര്‍ത്ത അരച്ചിടുക
2. ലൈംഗിക ബലക്കുറവുള്ളവര്‍ മുക്കുറി പാല്കഷായമായി രാത്രി സേവിക്കുക.
3. വയറിളക്കത്തിന് ചെടി സമൂലം മോരിലരച്ചു കടിക്കുക.
4. സ്ത്രീകള്‍ക്കുണ്ടാവുന്ന അമിത രക്തസ്രാവത്തിന് മുക്കുറ്റി സമൂലും പാല്കഷായമാക്കി കല്കണ്ടം ചേര്‍ത്തു കഴിക്കുക.
5. വയറ്റില്‍ അള്‍സര്‍ ഉള്ളവര്‍ പുളിക്കാത്ത മോരില്‍ മുക്കുറ്റി അരച്ച് രാവിലെ വെറും വയറ്റില്‍ 7 ദിനം കഴിക്കുക.
6. മൃഗങ്ങള്‍ക്കുണ്ടാവുന്ന പുഴുവരിക്കുന്ന വ്രണങ്ങളില്‍ മക്കുറ്റിയും തുമ്പയും ഉപ്പു ചേര്‍ത്തു അരച്ചിടുക.
7. വിട്ടുമാറാത്ത ചുമയ്ക് മുക്കുറ്റി ചത്ച്ച നീര് 1സ്പൂണ്‍ തേന്‍ ചേര്‍ത്തു ദിവസം 2 നേരം കഴിക്കുക.
8. പ്രമേഹം എത്രയായാലും മുക്കൂറ്റി ഇട്ട് വെന്ത വെള്ളം
കുടിച്ചാൽ മതി പ്രമേഹം സാധാരണ നിലയിലേക്ക് മടങ്ങും പ്രമേഹരോഗികള്‍
മുക്കുറ്റിയിട്ടു വെന്ത വെള്ളം ദാഹശമനിയാക്കി ഉപയോഗിക്കുക.
9. പ്രസവാനന്തരം സ്ത്രീകള്‍ ഗർഭപാത്രം ശുദ്ധിയാക്കുന്ന്തിന് മുക്കുറ്റി ഇല പനംചക്കരയും ചേർത്ത് കുറുക്കി കഴിക്കുന്നത് നല്ലതാണ്.
10. സ്ത്രീകള്‍ക്കുണ്ടാകുന്ന വെള്ളപോക്കിന് മുക്കുറ്റി സമൂലം അരച്ചു വെറും വയറ്റില്‍ സേവിക്കുക.
11. നീര്‍കെട്ടിനും പഴകിയ ത്വഗ്രോഗത്തിലും മുക്കുറ്റിയില അരച്ചിടുക.
13. ആസ്ത്മരോഗത്തിനു മുക്കുറ്റി സമൂലം അരച്ച് ഇളനീരില്‍ കലക്കി സേവിക്കുക.
14. മൂത്രക്കല്ലിളക്കുന്നതിന് മുക്കുറ്റി വേര് അരച്ചുരുട്ടി കഴിക്കുക.
15. കാന്‍സര്‍
രോഗചികിത്സയില്‍ മുക്കുറ്റി വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചെടിയാണ്.
കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്കാനും ഇതിനു ശേഷിയുണ്ട്.
16.
മുക്കുറ്റിയിട്ട് കാച്ചിയ എണ്ണ തേക്കുന്നത് തലക്ക് തണുപ്പ് കിട്ടാനും
മുടിവളരാനും സഹായിക്കുന്നു. അരച്ച് തേനില്‍ ചാലിച്ച് കഴിച്ചാല്‍
കഫക്കെട്ട് മാറുന്നു.
17. മുക്കുറ്റിയുടെ ഇലയരച്ച് നീരെടുത്ത് കണ്ണിലൊഴിച്ചാല്‍ കണ്ണുവേദന മാറും..
18. പനിക്ക് മുക്കുറ്റി സമൂലം അരച്ച് കുടിക്കാം.
19. മുക്കുറ്റി അരച്ച് നെറ്റിയില്‍ പുരട്ടുന്നത് ചെന്നിക്കുത്തിന് നല്ലത്.
20. മുക്കുറ്റി
പച്ചവെള്ളത്തില്‍ അരച്ചുപുരട്ടുന്നത് മുറിവുകള്‍ ഉണക്കും. മുറിവില്‍
ഇലയരച്ച് വെച്ചുകെട്ടിയാല്‍ മുറിവിന് വേഗം ഉണക്കം കിട്ടും. അതുകൊണ്ട്
ഇതിനെ മുറികൂടി എന്നും ഇതിനെ വിളിക്കാറുണ്ട്.
21. കടന്നല്
കുത്തിയാല്‍ മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് കടന്നല്
കുത്തിയഭാഗത്ത് ചുറ്റും പുരട്ടുന്നത് കടന്നല് വിഷം പോകുന്നതിന്
നല്ലതാണാത്രെ
22. തീപ്പൊള്ളിയാല്‍ മുക്കുറ്റി തൈരിലരച്ച് പുരട്ടണം.
നോക്കു,
നാമെല്ലാം വളരെ അപ്രധാനം എന്നു കരുതുന്ന അല്ലെങ്ങില്‍ കളയായി പറിച്ച
കളയുന്ന ഈ ചെടിയുടെ ഗുണകണങ്ങള്‍.. ഇങ്ങനെ ആയിരക്കണക്കിനു ഔഷധച്ചെടികളാണ്
നമ്മുടെ ഉപേക്ഷയും അറിവില്ലായ്മയും കൊണ്ട് ഈ നാട്ടില്‍നിന്നും
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും ഈ ചെടികളെ നമുക്കായും
അടുത്ത തലമുറയ്കായും സംരക്ഷിക്കാം..
Dr. Ebey Abraham
No comments:
Post a Comment