സമ്പത്തുകാലത്ത്
തൈ പത്തു വച്ചാല്‍... എന്ന പഴമൊഴി പ്ലാവിന്‍തൈ പത്തു വച്ചിരുന്നേല്
ഇന്ന് ചക്ക ഒന്നിന് ആയിരം വാങ്ങാമായിരുന്നു എന്ന് തിരുവനന്തപുരത്തുകാര്‍
തിരുത്തും. നല്ല നാടന്‍ വരിക്കച്ചക്ക കഴിക്കണമെങ്കില്‍ 1000 രൂപയെങ്കിലും
വേണമെന്ന അവസ്ഥയാണ് ഇപ്പോഴവിടെ. 1000 മുതല്‍ 1200 രൂപ വരെയാണ് ഒരു
ചക്കയുടെ വില. ഒരു ചക്ക നാലായി മുറിച്ചാല്‍ ഒരു കഷണത്തിന് 250 മുതല്‍ 300
രൂപ വരെ കൊടുക്കണം. ചക്കപ്പഴത്തിനാണ് ഡിമാന്‍ഡ് ഏറെ. ചക്കപ്പുഴുക്കോ
ചക്ക അവിയലോ ചക്ക തോരനോ വയ്ക്കാനായി പച്ചച്ചക്ക വാങ്ങാനും പണമെറിയണം.
കാല് കിലോ ചക്കച്ചുളയ്ക്കു വില 40 മുതല്‍ 50 രൂപ വരെ!
ചക്കയുടെ ഔഷധഗുണത്തെക്കുറിച്ച് പ്രചാരം വരും മുന്‍പേ തന്നെ തലസ്ഥാനത്ത്
ചക്കയ്ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. ശ്രീപത്മനാഭസ്വാമി
ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയില്‍ കാലങ്ങളായി ചക്കയും ചീരയും
മാങ്ങയുമൊക്കെ വില്ക്കുന്നവര് ഏറെയുണ്ട്. രാവിലെ ആറോടെ ചക്കയുമായി
എത്തുന്ന ഇവരുടെ പഴ്സ് പത്താകുമ്പോഴേക്കും നിറയും. ജില്ലയിലെ മലയോര
മേഖലകളില്‍ നിന്നാണ് നഗരത്തിലേക്ക് ചക്ക ഏറെയും എത്തുന്നത്, ബാക്കി
തമിഴ്നാട്ടില്‍ നിന്നും. സ്റ്റാര്‍ പദവി കൈവന്നപ്പോള്‍ വിലയങ്ങു കയറി.
ചക്കയ്ക്ക്
രോഗപ്രതിരോധശേഷി ഏറെയുണ്ടെന്ന് ശാസ്ത്രീയമായി തെളിഞ്ഞതോടെയാണ്
നാട്ടിന്‍പുറത്തെ പ്ലാവുകളില്‍ ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ചക്കയുടെ
ശുക്രന് തെളിഞ്ഞത്. അമേരിക്കയിലെ ഇലിനോയി സര്‍വകലാശാലയിലെ കോളജ് ഓഫ്
സെന്ട്രിസ്റ്റിയില് നടന്ന പഠനത്തില്‍ ചക്കപ്പഴത്തിലെ ജാക്വലിന്
ഘടകത്തിന് എയ്ഡ്സിനെ വരെ പ്രതിരോധിക്കാനാകുമെന്നു തെളിഞ്ഞു.
വിറ്റാമിന്‍ എ യുടെ പൂര്‍വരൂപമായ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുള്ള
ചക്കയിലെ ഫൈറ്റോന്യൂട്രിയന്റ് അര്‍ബുദത്തെ പ്രതിരോധിക്കാന്‍
ശേഷിയുള്ളതാണ്.
ചക്കയിലെ ജീവകം സി
രോഗപ്രതിരോധശേഷിക്കും മാംഗനീസ് രക്തത്തിലെ പഞ്ചസാരയുടെ അളവ്
ക്രമീകരിക്കാനും മഗ്നീഷ്യം എല്ലുകളിലെ കാല്‍സ്യത്തിന്റെ ആഗിരണത്തിനും
സഹായിക്കും. പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കും. നാരുകള്‍ മലബന്ധം
അകറ്റും. ജീവകം എ നിശാന്ധത കുറയ്ക്കും. അള്‍സര്‍ തടയാനും ശരീരകലകളുടെ നാശം
തടഞ്ഞ് വാര്‍ധക്യത്തെ അകറ്റാനും ശേഷിയുള്ള ചക്കയാണു നാട്ടിന്‍പുറത്തെ
പ്ലാവുകളില്‍ കാക്ക കൊത്തി പോകുന്നത്. ഇതില്‍ പത്തെണ്ണവുമായി തലസ്ഥാന
നഗരിയില്‍ എത്തിയാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരം രൂപയുമായി
മടങ്ങാമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
സംസ്ഥാനത്തു നിന്ന്
ഇപ്പോള്‍ വന്‍തോതില്‍ ചക്ക കയറ്റുമതി ചെയ്യുന്നുണ്ട്. ചക്കക്കുരുവില്‍
മാംസം, അന്നജം, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം എന്നിവ വന്‍തോതില്‍
അടങ്ങിയിട്ടുണ്ട്. മുട്ടയ്ക്കു തുല്യമായ അളവില്‍ പ്രോട്ടീന്‍
അടങ്ങിയിട്ടുള്ള ചക്കക്കുരുവില്‍ കൊഴുപ്പ് കുറവുമാണ്. കൊളസ്ട്രോള്‍,
പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്കും ചക്കക്കുരു ഫലപ്രദമാണ്.
ചക്കക്കുരു ഉണക്കിപൊടിയാക്കി കഴിക്കുന്നത് ത്വക്ക് രോഗങ്ങള്‍ക്കും
ഫലപ്രദമാണ്.
ചുണങ്ങ്, വട്ടച്ചൊറി
എന്നിവ അകലും. പിത്തം, വാതം, രക്തദോഷം, ക്ഷതം, വ്രണം, ചുട്ടുനീറ്റല്‍
എന്നിവ ശമിപ്പിക്കാനും ചക്കയ്ക്കാകും. ഫ്രാന്‍സിലെ മോപെല്ലര്
സര്‍വകലാശാലയിലെ കൈ്രോബയോളജി വിഭാഗം ശാസ്ത്രജ്ഞനായ ജിന്ഫവോറോയാണ്
ചക്കയില്‍ ജാക്വലിന് അടങ്ങിയിട്ടുള്ളതായി കണ്ടുപിടിച്ചത്.
മനുഷ്യശരീരത്തിലെ ആരോഗ്യമുള്ള ലിംഫോസൈറ്റുകളെ സംരക്ഷിക്കാന്‍ ജാക്വലിനു
കഴിയും. ആരോഗ്യവും സൗന്ദര്യവുമുള്ള കുട്ടികള്‍ പിറക്കാന്‍
സുമംഗലികള്‍ക്ക് ചക്കപ്പഴം നല്കുന്ന ആചാരം കേരളത്തിലും തമിഴ്നാട്ടിലും
ഇപ്പോഴുമുണ്ട്.
പ്ലാവിലെ കായ്
ആദ്യക്കാലത്ത് പ്ലാക്ക എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട്
പ്ലാക്ക ചക്കയായി മാറുകയായിരുന്നു. ചുവന്ന ചുളയന്‍, വെള്ളച്ചുളയന്,
സിംഗപ്പൂര്‍ ചക്ക, താമര വരിക്ക, നീന്താമര, മൂവാണ്ടന്‍, തേന്‍ വരിക്ക,
മുട്ടം വരിക്ക, നാവരിക്ക, തേങ്ങചക്ക, പഴച്ചക്ക, വെള്ളാരന്‍ചക്ക, വാഗത്താനം
ചക്ക, ഫുട്ബോള്‍ വരിക്ക, പത്താമുറ്റം വരിക്ക, മറ്റത്തൂര്‍ വരിക്ക,
പോങ്കോത്ര വരിക്ക, പൈനാപ്പിള്‍ വരിക്ക, രുദ്രാക്ഷി, പടവലം വരിക്ക,
അതിമുധുരം കൂഴ, കുട്ടനാടന്‍ വരിക്ക, വള്ളി വരിക്ക, പെട്ടിക്കവല വരിക്ക,
പാലപ്പൂ വരിക്ക, സദാനന്ദപുരം വരിക്ക, നെയ്യാര്‍ വരിക്ക, സാമ്പ്രാണി വരിക്ക,
ചെമ്പരത്തി വരിക്ക, ആത്മനിലയം വരിക്ക, കാക്കോട്ടുകോണം വരിക്ക എന്നിങ്ങനെ
പോകുന്ന ചക്കയുടെ ഇനങ്ങള്‍.
കര്‍ണാടകയില്‍
കച്ചനഹള്ളി ചക്കയെന്ന് അറിയപ്പെടുന്ന ചക്കയ്ക്ക് വിവിധ രാജ്യങ്ങളില്‍
വിവിധ പേരുകളാണുള്ളത്. ടുബുഗരെയില് സിന്ദൂര വരിക്ക, മലേഷ്യയിലും
ഫിലിപ്പെന്‍സിലും നങ്ക, തായ്ലന്‍ഡിലും കംബോഡിയയിലും കെനൂര്,
വിയറ്റ്നാമില്‍ മീറ്റ്, ശ്രീലങ്കയില്‍ കോസ്, ഇറാനില്‍ ഡൊറാക്ടേനാന്,
ഫ്രാന്‍സില്‍ ജാക്കെ്വയര്, ജര്‍മനിയില്‍ ജാക്ക്ഫ്രച്റ്റ് എന്നിങ്ങനെ.
No comments:
Post a Comment