നമ്മുടെ നാട്ടില്‍ സമൃദ്ധമായി വളരുന്നതും കുഞ്ഞുങ്ങള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ഉപകാരപ്രദമായതുമായ ഒരു അത്ഭുത ഔഷധച്ചെടിയാണ് പനിക്കൂര്‍ക്ക. വിദേശമരുന്നുകളുടെ കുത്തൊഴുക്കില്‍ മറവിയിലേക്കു പോയ സിദ്ധൌഷധങ്ങളിലൊന്നാണ് ഇത്. ഒരുകാലത്ത് പനി ജലദോഷം മുതലായ ചെറിയ ചെറിയ രോഗങ്ങള്‍ക്ക് പഴമക്കാര്‍ കൊടുത്തിരുന്ന പ്രധാന ഒറ്റമൂലികളിലൊന്നാണ് പനിക്കൂര്‍ക്ക. പനിക്കും ജലദോഷത്തിനുമുള്ള സിദ്ധൌഷധമായ ചുക്കു കാപ്പിയുടെ പ്രധാന ഘടകമാണ് ഈ ചെടി. ഉദരരോഗം, ചുമ,കഫക്കെട്ട്, നീര്‍ വീഴ്ച എന്നിവക്ക് എറെ പലപ്രദമാണ് പനികൂര്‍ക്കയില.
നിലം പറ്റി അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് ഇത്. കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ് ശാസ്ത്രീയനാമം, "കർപ്പൂരവല്ലി", "കഞ്ഞിക്കൂർക്ക" എന്ന പ്രാദേശികമായി അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള ഇളം തണ്ടുകൾ, ഇലകള്‍ തടിച്ചു മാംസളമായിരിക്കും. പിഴിഞ്ഞാല്‍ ധാരാളം നീരുകിട്ടും. തണ്ടു മുറിച്ചു നട്ട് നന്നായി വെള്ളമൊഴിച്ച് വളര്‍ത്തണം. വേസ്റ്റ് വാട്ടര്‍ ഒഴുകുന്ന സ്ഥലത്തിനടുത്തായി നട്ടാല്‍ നന ഒഴിവാക്കാം ആര്‍ത്തു വളരുന്നതുമായിരിക്കും.
ചില ഒറ്റമൂലി പ്രയോഗങ്ങള്‍ പരിചയപ്പെടാം.
1.പനികൂര്‍ക്കയില വാട്ടി പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ ചുമ, നീര്‍വീഴ്ചഎന്നിവ മാറും.
2. പനികൂര്‍ക്കയില നീര് രാസ്നാദി പൊടി ചേര്‍ത്തു നെറുകയില്‍ തിരുമ്മിയാല്‍ നീര്‍വീഴ്ച മാറും.
3. കുട്ടികളുടെ വായില്‍ നിന്നു തുടര്‍ച്ചയായി വെളളമൊലിക്കുന്നെങ്കില്‍ പനികൂര്‍ക്കയില നീരും മോരും തുല്യ അളവില്‍ ചേര്‍ത്തു കൊടുത്താല്‍ മതി.
4. പനികൂര്‍ക്കയില വെളളത്തില്‍ തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും.
5. ചെറുനാരങ്ങാ നീരും പനികൂര്‍ക്കയില നീരും സമമായെടുത്ത് ചൂടാക്കി ചെറുചൂടോടെ ഒരു ചെറിയ സ്പൂണ്‍ അളവില്‍ കുടിച്ചാല്‍ ഗ്യാസ്ട്രബിള്‍ മാറും.
6. പനികൂര്‍ക്കയില നീര് ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിച്ചാല്‍ കുഞ്ഞുങ്ങളുടെ ഉദരരോഗത്തിന് ആശ്വാസം കിട്ടും
7. വയസായവര്‍ക്കുണ്ടാകുന്ന ക്ഷീണത്തിന് പനികൂര്‍ക്ക നീര് നല്ലതാണ്.
8. ചെറുചൂടുവെള്ളത്തിൽ പനികൂർക്കയില ഞെരടി കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് ജലദോഷം വരാതിരിക്കുന്നതിനും പ്രതിരോധത്തിനും ഉത്തമമാണ്
9. കുട്ടികള്‍ക്കുണ്ടാകുന്ന കൃമിശല്യത്തിന് പനിക്കൂര്‍ക്കയിലയില്‍ വിഴാലരി പൊടിച്ചു തേന്‍ചേര്‍ത്തു കൊടുക്കുക.
10. വലിയവര്‍ക്കുള്ള ജലദോഷത്തിന് പനിക്കൂർക്കയുടെ പത്ത് ഇല, നാല് ചുവന്നുള്ളി, ഒരു പിടി തുളസിയില എന്നിവ ചതച്ച് തിളപ്പിച്ച വെള്ളത്തിലിട്ട് ആവി പിടിപ്പിക്കുക.
11. പഴുതാര,തേൾ എന്നിവയുടെ കടിയേറ്റ ഭാഗത്ത് ഇതിന്റെ ഇല ചതച്ച് വെച്ച് കെട്ടുന്നത് വേദന പെട്ടന്ന് ശമിപ്പിക്കും
Dr. Ebey Abraham
No comments:
Post a Comment